---
title: "ആറളം ഫാമിൽ ജനങ്ങളെ ഭീഷണിപ്പെടുത്തുന്ന KM1 മോഴയാനയെ മയക്കുവെടിവെച്ച് പിടിക്കാൻ ഉത്തരവ്"
english_title: "KM1 Rogue Elephant in Aralam Farm: Capture Order Issued by Kerala Forest Dept"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/374654/km1-rogue-elephant-aralam-farm-capture-order-kannur-2026`"
published_at: "2026-07-26T07:03:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a65643995741_1000194063.jpg"
keywords: ["KM1", "Rogue Elephant", "Aralam Farm", "Kerala Forest Dept"]
---

# ആറളം ഫാമിൽ ജനങ്ങളെ ഭീഷണിപ്പെടുത്തുന്ന KM1 മോഴയാനയെ മയക്കുവെടിവെച്ച് പിടിക്കാൻ ഉത്തരവ്

> **Lead Summary:** **കണ്ണൂർ**: കണ്ണൂർ നോർത്തേൺ ഡിവിഷനിലെ കൊട്ടിയൂർ റെയിഞ്ച് പരിധി ആറളം ഫാം പ്രദേശത്ത് ജനവാസമേഖലയിൽ നിരന്തരം എത്തുന്ന KM1 എന്ന മോഴയാനയെ മയക്കുവെടിവെച്ച് പിടികൂടാൻ ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ അനുമതി നൽകി.

## Article Content

**കണ്ണൂർ**: കണ്ണൂർ നോർത്തേൺ ഡിവിഷനിലെ കൊട്ടിയൂർ റെയിഞ്ച് പരിധി ആറളം ഫാം പ്രദേശത്ത് ജനവാസമേഖലയിൽ നിരന്തരം എത്തുന്ന KM1 എന്ന മോഴയാനയെ മയക്കുവെടിവെച്ച് പിടികൂടാൻ ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ അനുമതി നൽകി.

*ഹൈക്കോടതി നിർദ്ദേശം*

കണ്ണൂർ നോർത്തേൺ സർക്കിളിൽ മോഴയാനയുടെ സാന്നിധ്യമുണ്ടെന്നും മുമ്പ് ജനങ്ങളെ ഉപദ്രവിച്ചിട്ടുണ്ടെന്നും ബോധ്യപ്പെട്ട സാഹചര്യത്തിൽ കൂടുതൽ അത്യാഹിതങ്ങൾ ഒഴിവാക്കാൻ കർശന നടപടി സ്വീകരിക്കണമെന്ന് കേരള ഹൈക്കോടതി 08/05/2026 ലെ WP(C) No. 7858/2025 & WP(PIL) No. 44/2025 കേസുകളിൽ വിധിച്ചിരുന്നു.

*KM1 ന്റെ സ്വഭാവം*

വനം വകുപ്പ് റിപ്പോർട്ട് പ്രകാരം:

- 2008 മുതൽ ജനവാസമേഖലയിൽ ഇറങ്ങുന്ന ആനകളുടെ കൂട്ടത്തിലെ ഏറ്റവും വലിയ ആനയാണ് KM1

- വനത്തിൽ നിന്നും ജനവാസമേഖലയിലേക്കുള്ള പ്രതിരോധ മാർഗ്ഗങ്ങൾ നിഷ്പ്രയാസം തകർക്കും

- പ്രകോപനമില്ലാതെ വീടുകൾ, കൃഷി എന്നിവ നശിപ്പിക്കുകയും വാഹനങ്ങളെ ആക്രമിക്കുകയും ചെയ്യുന്നു

- RRT വാഹനങ്ങൾ പോലും ആക്രമിച്ച് നശിപ്പിക്കുന്നു

- ആനകളെ തുരത്താനുള്ള സംഘത്തിൽ നിന്നും ഒളിച്ചുനിൽക്കാനുള്ള പ്രത്യേക കഴിവുണ്ട്.

മരണത്തിൽ സ്ഥിരീകരണം*

2026 ഫെബ്രുവരി 27 ന് പുലർച്ചെ ആറളം ഫാമിൽ അനീഷ് എന്നയാൾ ആനയുടെ മുന്നിൽപ്പെട്ട് മരിച്ച സംഭവസ്ഥലത്തെ കാല്പാടുകൾ പരിശോധിച്ച് അത് KM1 ന്റേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

*എന്താണ് നടപടി*

1972 ലെ വന്യജീവി സംരക്ഷണ നിയമം സെക്ഷൻ 11(1)(a) പ്രകാരം KM1 നെ മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് ജനവാസകേന്ദ്രങ്ങളിൽ നിന്നും അകലെയുള്ള അനുയോജ്യമായ ആവാസ വ്യവസ്ഥയിലേക്ക് വിടുന്നതിനാണ് ഉത്തരവ്.

ആവശ്യമായ ക്രമീകരണങ്ങൾ കണ്ണൂർ നോർത്തേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ മേൽനോട്ടത്തിൽ കണ്ണൂർ DFO സ്വീകരിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/374654/km1-rogue-elephant-aralam-farm-capture-order-kannur-2026`)